കൊല്ലം: പി.എസ് സുപാൽ എംഎൽഎയെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി യോഗം ഏകകണ്ഠമായാണ് സുപാലിനെ സെക്രട്ടറിയാക്കാനുള്ള തീരുമാനം അംഗീകരിച്ചത്.
സംസ്ഥാന എക്‌സിക്യൂട്ടീവില്‍ കാനം രാജേന്ദ്രനാണ് പി.എസ് സുപാലിന്റെ പേര് നിര്‍ദേശിച്ചത്. പ്രകാശ് ബാബുവും പിന്താങ്ങിയതോടെ തീരുമാനം ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ സുപാലിന്റെ പേര് മുന്നോട്ട് വെച്ചപ്പോഴും എതിര്‍പ്പുണ്ടായില്ല.
കാനം പക്ഷവും ഇസ്മായീൽ പക്ഷവും വ്യത്യസ്ത പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കുമെന്ന ആശങ്ക പാർട്ടിക്കുള്ളിലുണ്ടായിരുന്നു. എന്നാൽ ഇത് അസ്ഥാനത്താക്കിയാണ് ഏകകണ്ഠമായി പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ഔദ്യോഗിക പക്ഷത്തിന്റെ എതിർചേരിയിൽ പ്രധാനിയായിരുന്നു പി.എസ് സുപാൽ. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനുമായി നടന്ന വാക്കേറ്റത്തെ തുടർന്ന് സുപാലിനെ കഴിഞ്ഞ വർഷം മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
















