പാലക്കാട്: അട്ടപ്പാടി മധു കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകൻ മുന്നറിയിപ്പ് നൽകി. ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകർ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നതായി കോടതി പറഞ്ഞു . 3,6, 8 , 10 ,l 2 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ പരാമർശം. ജാമ്യം റദ്ദാക്കിയുള്ള വിധിയിലാണ് ജഡ്ജി ഇക്കാര്യങ്ങൾ പരാമർശിച്ചത്.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഇന്ന് ജാമ്യം റദ്ദാക്കിയത്. നേരത്തെ, മധു വധക്കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു. പല സാക്ഷികളും കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് പ്രതികൾക്കെതിരേ പ്രോസിക്യൂഷൻ നീക്കം ആരംഭിച്ചത്.
പ്രതികളിലൊരാൾ 63 തവണ സാക്ഷികളെ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കം ഹാജരാക്കി, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. മധു വധക്കേസിൽ ആകെ 16 പ്രതികളാണുള്ളത്. ഇതിൽ 12 പേർക്കെതിരെയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
2018 മേയിൽ ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ പ്രതികൾ ഈ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.
രണ്ടാംപ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അഞ്ചാംപ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധീഖ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 11-ാം പ്രതി സജീവ്, 12-ാം പ്രതി കരീം, 15-ാം പ്രതി ബിജു, 16-ാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
















