ഓണക്കാല ചെലവുകൾക്കായി ആദ്യഘട്ടത്തിൽ കേരളം ആയിരംകോടി രൂപ കടമെടുക്കും. പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, മറ്റു സാധാരണ ചെലവുകൾ എന്നിവയ്ക്ക് മാസം 6000 കോടി രൂപ വേണം. ഓണക്കാലത്തെ 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടി വരും. ഇത്തവണ ഡിസംബർ വരെ 17,936 കോടി രൂപ വായ്പയെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതിൽ 4000 കോടിയോളം ഇതിനകം എടുത്തു.
ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ചു നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ 1800 കോടിരൂപ വേണം. ബോണസ്, ഉത്സവ അഡ്വാൻസ് എന്നിവയ്ക്കായി കഴിഞ്ഞ വർഷത്തെ നിരക്കിൽ 800 കോടിരൂപ വേണ്ടിവരും.സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് 440 കോടി രൂപ വേണം.ഇതും ബജറ്റിൽനിന്നുതന്നെ നൽകേണ്ടിവരും. ഓണക്കാലത്തെ വിപണി ഇടപെടലിനും പണം വേണം.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ബോണസ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നൽകാൻ കഴിയില്ല.
















