കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ്. വിമർശനം ഉന്നയിക്കുന്നവർക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. എഫ്‍ഡിപി സ്റ്റഡീ ലീവ് അല്ല എന്ന് സർവ്വകലാശാല രക്ഷാ”സംഘ”ക്കാർക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനമെന്നും പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേ സമയം പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവ്വകലാശാല ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല. കേസ് നിലനിൽക്കാൻ സാധ്യത ഇല്ലെന്ന സർവകലാശാല സ്റ്റാൻഡിങ് കൗൺസിലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗവർണറുടെ തീരുമാനത്തിനെതിരെ പ്രിയ വർഗീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. വൈസ് ചാൻസലർക്ക് എതിരെ ഗവർണർ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
കണ്ണൂർ സർവകലാശാലയിലെ നിയമനങ്ങൾ വിചിത്രവും നിയമവിരുദ്ധവുമാണെന്നായിരുന്നു വിവാദങ്ങളോടുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. എന്നാൽ നിയമന വിവാദത്തിൽ സർവ കലാ ശാലയെ ന്യായീകരിക്കുന്ന നിലപാട് ആണ് സിപിഎം നേതാക്കൾ ഇന്നും സ്വീകരിച്ചത്. ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധവും യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നും എകെ ബാലൻ പറഞ്ഞു.
















