ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും പ്രതികള്‍. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായർ, തെലുങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് പ്രതിപ്പട്ടികയിലെ മലയാളികൾ. വിജയ് നായര്‍ അഞ്ചാം പ്രതിയും അരുണ്‍ രാമചന്ദ്രപിള്ള പതിനാലാം പ്രതിയുമാണ്.
പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെട്ട സംഘമാണെന്ന് സിബിഐ പറയുന്നു. സ്വകാര്യകമ്പനികൾക്ക് ലൈസൻസ് അനുവദിച്ചുകിട്ടാൻ അരുൺ രാമചന്ദ്രപിള്ള ഇടനില നിന്നെന്നും സിബിഐ എഫ്ഐആറിൽ ആരോപിക്കുന്നു. കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഒന്നാം പ്രതി. എക്സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്സിക്യുട്ടീവ്സ്, ഡീലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുള്‍പ്പെടെയുള്ള 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
സിസോദിയയുടെ വീട്ടിലുൾപ്പെടെ നടത്തുന്ന സിബിഐ റെയ്ഡ് 10 മണിക്കൂർ പിന്നിട്ടു. ഉപമുഖ്യമന്ത്രിയുടെ സ്വകാര്യ വാഹനവും സിബിഐ പരിശോധിച്ചു. പരിശോധനയ്ക്കിടെ, പുതിയ മദ്യനയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ സിബിഐ പിടിച്ചെടുത്തു. ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്നാണ് രേഖകൾ പിടിച്ചെടുത്തത്. എന്നാൽ പണം പിടിച്ചെടുത്തിട്ടില്ല.
മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ലഫ്. ഗവര്‍ണര്‍ വി.കെ സക്സേന നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അതേസമയം അന്താരാഷ്ട്രതലത്തില്‍ വന്ന പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നെന്ന് ബിജെപിയും പ്രതികരിച്ചു. ആദ്യമായല്ല ആം ആദ്മി നേതാക്കള്‍ക്കെതിരെ അഴിമതിയില്‍ പെടുന്നതെന്നും, ന്യൂ യോര്‍ക് ടൈംസിലേതു പൈഡ് ന്യൂ സ് ആണെന്നും ബിജെപി മറുപടി നല്കി.
ഡല്‍ഹിയിലെ വിദ്യാഭ്യാസ മികവിനേക്കുറിച്ച് മനീഷ് സിസോദിയയുടെ ചിത്രമടക്കം ന്യൂ യോര്‍ക് ടൈംസ് പത്രത്തില്‍ റിപ്പോര്‍ട്ട് വന്നതിനാലാണ് ഇന്ന് തന്നെ റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി കെജ്രിവാള് ആരോപിച്ചു.
















