വയനാട്: രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത കേസിൽ അറസ്റ്റിലായ നാലു കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. ഇവരെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. ഓഫീസിലെ പേഴ്സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്.ആര്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു എംപി ഓഫീസിലേക്ക് എസ്എഫ്ഐക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഓഫീസിന്റെ ജനല്‍ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു.
ഓഫീസിനകത്തേക്ക് അതിക്രമിച്ചു കയറിയെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്നായിരുന്നു എസ്എഫ്ഐക്കാരുടെ വാദം. എന്നാൽ എംപി ഓഫീസിൽ അതിക്രമിച്ച് കയറിയ എസ്എഫ്ഐ പ്രവർത്തകർ ഗാന്ധി ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്.
സമരത്തിന് ശേഷം 25 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫീസിനുള്ളിൽ കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
അതേസമയം, നിരപരാധികളെ വേട്ടയാടുകാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു.
















