പാലക്കാട്: പാലക്കാട്ടെ സിപിഎം പ്രാദേശിക നേതാവ് ഷാജഹാൻ വധക്കേസിലെ പ്രതികൾ ബിജെപി അനുഭാവികളാണെന്ന് പൊലീസ്. കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ബിജെപി അനുഭാവികളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നത്. നേരത്തെ എഫ്.ഐ.ആറിലും പ്രതികൾ ബിജെപി അനുഭാവികളെന്ന് പറഞ്ഞിരുന്നു.
ഒന്നു മുതൽ എട്ട് വരെയുളള പ്രതികൾ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളാണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചതെന്നുമാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്.
രാഖി കെട്ടിയതുമായുള്ള തർക്കവും, ഗണേഷോത്സവത്തിൽ പ്രതികൾ ഫ്ലെക്സ് വയ്ക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പൊലീസ് വിശദീകരിച്ചിരുന്നു.
അതേസമയം സഹോദരന്റെ പേര് പറയാൻ നിർബന്ധിച്ച് പൊലീസ് മർദിച്ചുവെന്ന് ആറാം പ്രതി ശിവരാജൻ പറഞ്ഞു. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. ആരോപണം ഡി.വൈ.എസ്.പി നിഷേധിച്ചു.
















