കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദർശനത്തിന് ശേഷം പച്ചാളം പൊതുശ്മശാനത്തിലാണ് മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചത്. സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നൽകിയാണ് ഭർത്താവ് നിർമ്മലിനെ യാത്രയാക്കിയത്.
വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടർ രേണു രാജ് അന്തിമോപചാരം അർപ്പിച്ചു. മന്ത്രി പി രാജീവ് എറണാകുളം എംപി ഹൈബി ഈഡൻ അടക്കമുള്ള ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു.
കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബെ നിർമ്മലിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. നിർമ്മലിന്‍റെ വിയോഗം വലിയ നഷ്ടമാണെന്നും രാജ്യത്തെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായതിനാൽ ദുഖമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പച് വഡിയിലേക്ക് കാറിൽ യാത്ര ചെയ്യവെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജ് പ്രളയത്തിൽ അകപ്പെട്ട് മരിച്ചത്. മധ്യപ്രദേശിലെ ജപൽപൂരിൽ ലെഫ്റ്റനന്‍റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലമായ പച് മാര്‍ഹിയിക്കുള്ള യാത്രക്കിടെയാണ് നിര്‍മ്മലിനെ കാണാതായത്.
മധ്യപ്രദേശിലെ ജപൽപൂരിൽ നിന്നുള്ള യാത്രക്കിടെ തിങ്കളാഴ്ച്ച കാണാതായ നിര്‍മ്മലിന്‍റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പാറ്റ്നിയില്‍ കണ്ടെത്തിയത്. ശക്തമായ മഴയിലെ വെള്ളപൊക്കത്തില്‍ കാര്‍ അപകടത്തില്‍പെട്ടാണ് നിര്‍മ്മല്‍ മരിച്ചത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ പാറ്റ്നിയെന്ന സ്ഥലത്ത് നിന്നും നിര്‍മ്മലിന്‍റെ കാര്‍ കണ്ടെത്തി. പിന്നാലെ നടത്തിയ തിരച്ചിലില്‍ സമീപത്ത് നിന്ന് തന്നെ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ശക്തമായ മഴയുണ്ടായിരുന്ന സ്ഥലത്ത് വലിയ വെള്ളപൊക്കമുണ്ടായിരുന്നു. യാത്രക്കിടെ നിര്‍മ്മല്‍ വെള്ളത്തില്‍ ഒഴുകിപോയെന്നാണ് കരുതുന്നത്.
















