മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റായ ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തുവാൻ കമ്മീഷണര്‍ ഡിഐജിക്ക് ശുപാര്‍ശ. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് കാപ്പ ചുമത്താൻ നിർദേശം
തനിക്കെതിരായ കേസുകള്‍ തെളിക്കണമെന്ന് ആവശ്യപെട്ട് ഫർസീൻ പോലീസിനെ വെല്ലുവിളിച്ചു. പൊലീസ് റിപ്പോർട്ടിൽ പറയുന്നത് പോലെ 15 കേസുകള്‍ തന്റെ പേരിലില്ലെന്നും പിണറായി സര്‍ക്കാര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ഫര്‍സീന്‍ പറഞ്ഞു.
പൊലീസ് വാദം ശരിയെന്ന് തെളിയിച്ചാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ഫര്‍സീന്‍ വ്യക്തമാക്കി .തനിക്കിതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് കൈപ്പറ്റണോയെന്ന് അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഫർസീൻ പറഞ്ഞു.
ജൂൺ 12നാണ് സംഭവം നടക്കുന്നത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തിൽ വലിയതുറ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
















