ഭരണഘടനാ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറുടെ ചിത്രം തമിഴ്‌നാട്ടിലെ എല്ലാ ലോ കോളജുകളിലും സ്ഥാപിക്കണമെന്ന നിർദേശവുമായി മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തില്‍ വേണ്ട നടപടി എടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിർദേശിച്ചു.
തേനി ലോ കോളജില്‍ വിദ്യാര്‍ഥിയായ പട്ടികജാതിക്കാരനാണ്, അച്ചടക്ക നടപടിക്കെതിരെ ഹര്‍ജിയുമായി കോടതിയില്‍ എത്തിയത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണം, അധ്യയന മാധ്യമം തമിഴ് ആക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോളജില്‍ യുവാവ് പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.ഈ വിദ്യർത്ഥി നൽകിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
ഹര്‍ജിയില്‍ മൂന്നു അധ്യാപകരെ എതിര്‍കക്ഷികളാക്കി ചേര്‍ത്തിരുന്നെങ്കിലും കോടതി ഇടപെട്ട് ഇതു പിന്‍വലിപ്പിച്ചു. പ്രിന്‍സിപ്പലിനു മാപ്പ് എഴുതിക്കൊടുത്ത് കോളജില്‍ തിരിച്ചു കയറാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് വിദ്യാര്‍ഥിക്ക് പതിനായിരം രൂപ അഡ്വക്കറ്റ്‌സ് ക്ഷേമ ബോര്‍ഡ് ട്രസ്റ്റില്‍നിന്നു നല്‍കാനും നിര്‍ദേശിച്ചു.
















