വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം നാലാം ദിവസവും സംഘർഷഭരിതമായി. തുറമുഖ പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ മാർച്ച് ആണ് സംഘർഷ ഭരിതമായത്. ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ട് പോയ മത്സ്യത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു. വിഴിഞ്ഞത്തെ തുറമുഖ സമരത്തിൽ സർക്കാർ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് സമരം ശക്തമാക്കിയത്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്.
തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാർ ആവർത്തിച്ചു. ഒരു ഘട്ടത്തിൽ പൊലീസിനെതിരെയും സമരക്കാർ മുദ്രാവാക്യം വിളിച്ചു. എന്നാൽ സംയമന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാണ് ഇന്ന് വൈകിട്ട് ചർച്ച നടക്കുക. തുറമുഖം നിർത്തി വെച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പെടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത.
















