തിരുവനന്തപുരം: അസോസിയേറ്റ് പ്രഫസർ നിയമനം മരവിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. വ്യാഴാഴ്ച അവധിയായതിനാൽ വെള്ളിയാഴ്ച തുടർനടപടി സ്വീകരിക്കുമെന്ന് വിസി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അറിയിച്ചു.
നിയമനം മരവിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് വിസി ഭരണഘടന ചൂണ്ടിക്കാട്ടി പറയാതെ പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ടം 1996 സെക്ഷൻ 7/3 പ്രകാരമാണ് ഗവർണർ നിയമനം മരവിപ്പിച്ചിരിക്കുന്നത്. ഇതിൽ ചാൻസലറുടെ അധികാരം വ്യക്തമാക്കുന്ന ഭാഗം മാധ്യമപ്രവർത്തകരെ വിസി ഗോപിനാഥ് രവീന്ദ്രൻ വായിച്ചുകേൾപ്പിച്ചു. ഇതാണ് തനിക്ക് പറയാനുള്ളതെന്നും മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ റാങ്ക് പട്ടിക മരവിപ്പിച്ചത്.
സർവകലാശാല മലയാളം ഡിപ്പാർട്മെന്‍റില്‍ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു ഇന്ന് വിസി പറഞ്ഞത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ ഗോപിനാഥൻ രവീന്ദ്രൻ രാവിലെ പറഞ്ഞിരുന്നു.
















