കൊച്ചി: കാക്കനാട് ഫ്ലാറ്റിലെ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയുടെ കയ്യിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. പയ്യോളി സ്വദേശി അർഷാദിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ യും ഒരു കിലോ കഞ്ചാവുമാണ് പിടികൂടിയത്. ഇയാൾക്കൊപ്പം കോഴിക്കോട് സ്വദേശി അശ്വന്തും പിടിയിലായിട്ടുണ്ട്.
അതേസമയം അശ്വന്ത് കൊച്ചി ഫ്‌ലാറ്റ് കേസിൽ പ്രതിയല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരെയും കാസർകോട് കോടതിയിൽ ഹാജരാക്കും.
ഈ കേസിൽ മഞ്ചേശ്വരത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ അർഷാദിനെ കൊച്ചിയിലെത്തിക്കുന്നത് വൈകും. ഇന്ന് രാത്രിയോടെ എത്തിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർഗോഡ് അതിർത്തിയിൽ നിന്ന് അർഷാദ് പിടിയിലാവുന്നത്. ഇന്നലെ ഉച്ചക്ക് ഇയാൾ കോഴിക്കോട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട് ആയിരുന്നു. അതുകൊണ്ട് തന്നെ വടക്കൻ ജില്ലകളിൽ കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു. ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ.
കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം റൂമിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചത്. ഫ്‌ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതക ശേഷം പൈപ്പ് ഡെക്റ്റിനിടയിലൂടെ മൃതദേഹം താഴേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ അത് പരാജയപ്പെട്ടു.
രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്‌ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കുകയായിരുന്നു. ഫ്‌ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്‌ലാറ്റ് തുറക്കുകയും ആയിരുന്നു. രക്തക്കറ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് ഡക്റ്റിനിടയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.
അർഷാദ് ഈ ഫ്‌ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്.
അതേസമയം സജീവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. തലക്കും കഴുത്തിലും നെഞ്ചിലുമുൾപെടെ ഇരുപതിലേറെ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
















