സംസ്ഥാനത്തെ ആറ് മാസത്തിനിടെ നിർമ്മിച്ച വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. നിർമ്മാണത്തിൽ അപകാതയുള്ളതായി പരാതി ലഭിച്ച സാഹചര്യത്തിൽ വിജിലൻസ് മേധാവി മനോജ് എബ്രഹാമിൻ്റെ നിർദേശത്തെ തുടർന്നാണ് റോഡിലെ പരിശോധന.
മലപ്പുറം ജില്ലയിൽ നാല് റോഡുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നുണ്ട്. ആനക്കയം തിരൂർക്കാട് റോഡ്, പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് റോഡ്, പുലാമന്തോൾ കുളത്തൂർ റോഡ്, തിരൂർ വെട്ടം റോഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിൻ്റെ ചെറുഭാഗം വിജിലൻസ് സംഘം കട്ട് ചെയ്തു ശേഖരിച്ചു. ഈ സാംപിൾ ലാബിൽ അയച്ചു പരിശോധിക്കും. നേരത്തെയുള്ള റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവിൽ ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമ്മിച്ചത് എന്നറിയാനാണ് ഈ സാംപിൾ എടുത്ത് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലൻസ് ഇക്കാര്യത്തിൽ നടപടി എടുക്കുക.
















