പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗവും കുന്നുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ (40) കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
മലന്പുഴ കൊട്ടേക്കാട് സ്വദേശികളും ഒന്നുമുതൽ എട്ടുവരെ പ്രതികളുമായ ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും.
14ന് വൈകുന്നേരം ചന്ദ്രനഗർ ചാണക്യ ഹോട്ടലിൽ പ്രതികൾ ഒത്തുകൂടിയിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത നവീൻ, കൊലയാളികൾക്ക് സഹായം നൽകിയ സിദ്ധാർത്ഥൻ എന്നിവർ നേരത്തെ പൊലീസ് പിടിയിലായി. നവീൻ മൂന്നാം പ്രതിയും സിദ്ധാർത്ഥൻ അഞ്ചാം പ്രതിയുമാണ്. നവീൻ ഷാജഹാനെ നേരിട്ട് വെട്ടിയയാളാണെന്നാണ് വിവരം. സിദ്ധാർത്ഥൻ ഇവർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. ഒരാളെ പൊള്ളാച്ചിയിൽനിന്നും മറ്റൊരാളെ പട്ടാമ്പിയിൽനിന്നുമാണ് പിടികൂടിയത്.
അന്വേഷണ ഘട്ടത്തിലായതിനാൽ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഞായറാഴ്ച രാത്രി ഒന്പതേമുക്കാലോടെയാണ് കൊട്ടേക്കാട് കുന്നുകാട് വീടിനടുത്തുവച്ച് ഷാജഹാന് വെട്ടേറ്റത്.
ഷാജഹാന്റെ മരണം അമിതമായി രക്തംവാർന്നത് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷാജഹാന്റെ കൈയിലും കാലിലും അഞ്ച് മുറിവുകളുണ്ടായിരുന്നു. കൈയും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
















