കണ്ണൂർ: ചാൻസലറുടെ അധികാരമുള്ളിടത്തോളം കാലം നിയമലംഘനം അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വജനപക്ഷപാതം അനുവദിക്കില്ല. കണ്ണൂർ സർവകലാശാലയിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന് ഗവർണർ ആവർത്തിച്ചു.
നിയമസഭ പാസാക്കുന്ന നിയമത്തിന് അനുസരിച്ച് പ്രവർത്തിക്കും. ചാൻസലർ സ്ഥാനം ഭരണഘടനാ പദവി അല്ല. സർവകലശാലാ ചാൻസലർ ആയി ഗവർണർ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഗവർണർ ഒപ്പിട്ടാലേ ബില്ലുകൾ നിയമം ആകൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പ്രിയ വർഗീസിന്റെ നിയമനത്തിൽ ക്ഷമയോടെ കാത്തിരിക്കൂ എന്നായിരുന്നു ഗവർണറുടെ മറുപടി.
സംസ്ഥാന റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഇന്നലെ ഗവർണർ അഭിപ്രായപ്പെട്ടിരുന്നു. പ്രശ്ന പരിഹാരത്തിന് ത്വരിത ഗതിയിൽ നടപടി ഉണ്ടാകണം. ദേശീയ പാതയിലെ കുഴികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വാഹനങ്ങൾ കുഴിയിൽ വീണുള്ള അപകടം പതിവായതോടെയാണ് ഗവർണർ ഇടപെടലുമായെത്തിയത്.
അതേസമയം വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിസിയെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും. ഈ മാസം 22ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവര്‍ണറുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഒരുങ്ങുന്നുവെന്ന് സൂചന നല്‍കുന്നതാണ് ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനം. വിസിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കുന്നതു കൂടാതെ സര്‍ക്കാര്‍ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍.
















