മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ ജെയ്‌സൺ. കൊറോണ കാലത്ത് തേങ്ങയും മീനും കൊണ്ടുവരാൻ മോൻസൻ ഡിഐജിയുടെ വാഹനം ഉപയോഗിച്ചു എന്നാണ് വെളിപ്പെടുത്തൽ. അതുപോലെ ലോക്ക് ഡൗണിൽ ഐജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ച് മോൻസൻ യാത്ര ചെയ്തതെന്നും ഡ്രൈവർ വെളിപ്പെടുത്തി.
ആലപ്പുഴയിൽ സഹോദരിയുടെ വീട്ടിൽ നിന്ന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും സുഹൃത്തായ പോലീസുകാരന് മദ്യക്കുപ്പി നൽകാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചു. മോൻസൻ ഡൽഹിയിലെത്തുമ്പോൾ നാഗാലാൻഡ് പോലീസിന്റെ വാഹനമാണ് കൂട്ടിക്കൊണ്ടുപോകാൻ എത്തിയത്.
തൃശൂരിൽ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ വേദിയിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള മോൻസന്റെ യാത്രയും പോലീസ് വാഹനത്തിലായിരുന്നു. വൈകിയാൽ വിമാനം നഷ്ടപ്പെടുമെന്നതിനാൽ സൈറൺ ഇട്ട് മറ്റ് തടസ്സങ്ങൾ ഒഴിവാക്കാനായിരുന്നു ഔദ്യോഗിക വാഹനത്തിലെ യാത്ര. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്ന സമയത്തെ പരിശോധന ഒഴിവാക്കാൻ ഐജി ലക്ഷ്മണയുടെ കയ്യൊപ്പും സീലും അടങ്ങിയ പാസുകളും മോൻസൻ ഉപയോഗിച്ചുവെന്നും മുൻഡ്രൈവർ വെളിപ്പെടുത്തി.
















