പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച ആളുമാണ് അറസ്റ്റിലായത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവർക്കായി അന്വേഷണം നടക്കുകയാണ്.
കേസിന്റെ അന്വേഷണത്തിന് പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആർ. എട്ട് ബിജെപി പ്രവർത്തകർ ചേർന്നാണ് കൃത്യം നടത്തിയത്. ബിജെപി പ്രവർത്തകരായ ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. എന്നാൽ കൊലപ്പെടുത്തിയത് മുൻ പാർട്ടി അംഗങ്ങൾ തന്നെയെന്നാണ് ദൃക്‌സാക്ഷി പറഞ്ഞിരുന്നത്.
















