തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സ്വാതന്ത്ര്യ സമര കാലത്ത് സംഘപരിവാർ വൈസ്രോയിയെ കണ്ട് ഞങ്ങൾ ഒപ്പമുണ്ട് എന്നു പറഞ്ഞു, ഇന്ന് അവർ സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാകാൻ ചരിത്രം തിരുത്തുന്നു’- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏതൊരു വിഷയത്തെയും വർഗീയതയോടെ കാണുന്നതായും വർഗീയ അജണ്ട നടപ്പാക്കുന്നതായും യഥാർഥ പ്രശ്‌നങ്ങളിലേക്ക് എത്താതെ വർഗീയതയിലേക്ക് തിരിച്ചു വിടുന്നുതായും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങൾ അപഹരിക്കുന്ന കാര്യങ്ങൾ രാജ്യത്ത് നടക്കുന്നു. ജാതിഭ്രാന്ത് രാജ്യത്തിന്റെ ഒരു ഭാഗത്ത് നടക്കുന്നു.
രാജസ്ഥാനിൽ അധ്യാപകന്റെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച കുട്ടിയെ അധ്യാപകൻ അടിച്ച് കൊലപ്പെടുത്തിയ സംഭവവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. എട്ട് വർഷത്തിനിടെ ഒരു ശതമാനം പേർക്ക് പോലും കേന്ദ്ര സർക്കാർ തൊഴിൽ നൽകിയില്ല. 90 കോടിയോളം തൊഴിൽ രഹിതർ രാജ്യത്തുണ്ടെന്നാണ് കണക്ക്. പൊതു മേഖല സ്ഥാപനങ്ങൾ തകരുന്നു. എല്ലാം വിറ്റുതുലയ്ക്കുന്നു. യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്നു’- അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷത്തിനെയും മുഖ്യമന്ത്രി വിമർശിച്ചു.
‘കോൺഗ്രസും ബിജെപിയും ഒരു മെയ്യായി പ്രവർത്തിക്കുന്നു. 50,000 കോടിയുടെ പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കുമെന്ന് പറഞ്ഞപ്പോൾ വലിയ പരിഹാസവും ആക്ഷേപവും നടത്തി 62,000 കോടിയുടെ പദ്ധതികൾ ഇന്ന് കിഫ്ബി പദ്ധതികളായി ജനങ്ങൾക് മുന്നിലുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു. UDF, കോൺഗ്രസ്, BJP ചേർന്ന് കള്ളക്കഥകൾ മെനയുന്നതായും ഈ രീതിയിലുള്ള പിത്തലാട്ടം കൊണ്ട് വലിയ ഫലമുണ്ടാകില്ലെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ്, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യക്കാര്‍ എന്ന ഒറ്റ വികാരത്തില്‍ നടത്തിയ പോരാട്ടമാണ്. സ്വാതന്ത്ര്യം നേടിത്തന്നവരെ നമുക്ക് ആദരിക്കാം. ബംഗാളിലും പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവമായി പങ്കെടുത്തു. എല്ലാ ധാരകളും ചേര്‍നാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. ആർഎസ്എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല.
ആർഎസ്എസ് പ്രചാരകനായ മോദിയാണ് ഇന്ന് പ്രധാനമന്ത്രി. 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവും ഏറ്റെടുക്കുകയാണ് മോദി.ആർഎസ്എസ് മാത്രമാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി മതേതരത്വം അംഗീകരിക്കുന്നില്ല. മത ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മായി കാണുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
















