ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്വാർത്ഥ തത്പരരായ സർക്കാർ നിസാരവത്കരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും അവർ പറഞ്ഞു.
ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയായിരുന്നു സോണിയാ ഗാന്ധി ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 75 വർഷക്കാലത്തെ നേട്ടത്തേയും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തേയും നിലവിലുള്ള സർക്കാർ അംഗീകരിക്കാൻ തയാറല്ലെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
കഴിഞ്ഞ 75 വർഷക്കാലം രാജ്യം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു, എന്നാൽ സ്വാർത്ഥതമാത്രം കൈമുതലാക്കിയ നിലവിലെ സർക്കാർ രാജ്യത്തിന്റെ നേട്ടങ്ങളേയും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ സത്യാഗത്തേയും അംഗീകരിക്കാൻ തയാറല്ല.
രാഷ്ട്രീയ താൽപ്പര്യത്തിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയും മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലാഭായ് പട്ടേൽ തുടങ്ങിയവർക്കെതിരെ നുണകളുടെ അടിസ്ഥാനത്തിൽ വ്യാജപ്രചരണങ്ങൾ നടത്തുകയും ചെയ്യുകയാണ്. ഇതിനെ കോണ്‍ഗ്രസ് ശക്തമായി എതിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.
















