ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ കെപിസിസിയുടെ പുതിയ റേഡിയോ ചാനലായ ‘ജയ് ഹോ’ പ്രക്ഷേപണം ആരംഭിച്ചു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആണ് റേഡിയോ സ്വിച്ച് ഓൺ ചെയ്തത്.കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിലാണ് പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് തീരുമാനിച്ചതും പ്രഖ്യാപനം നടത്തിയതും.
വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി പ്രവർത്തിക്കുന്ന റേഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിൽ ലഭിക്കും. വാര്‍ത്തകൾ, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദ പരിപാടികള്‍ എന്നിവയിൽ അതിഥികളായും അവതാരകരായും കോണ്‍ഗ്രസ് നേതാക്കളും എത്തും. നിലവിൽ ഇരുപതോളം റേഡിയോ ജോക്കികളുമായി കൊച്ചി കേന്ദ്രീകരിച്ചാണ് ‘ജയ് ഹോ’ റേഡിയോ ചാനലിന്‍റെ പ്രവർത്തനം.
പരിപാടികളുടെ ദൃശ്യ രൂപം സാമൂഹിക മാധ്യമങ്ങളിൽ ഉടൻ ലഭ്യമാക്കും. ലോകമെമ്പാടുമുള്ള പാർട്ടി അനുഭാവികളേയും അതിനപ്പുറമുള്ള ആളുകളേയും ഉൾപ്പെടുത്തി റേഡിയോ ക്ലബുകൾ രൂപീകരിച്ച് ‘ജയ് ഹോ’യുടേയും കോൺഗ്രസിന്‍റെയും ശക്തമായ ശൃഖല രൂപീകരിക്കും.
















