ഇന്നത്തെ ബിജെപി സർക്കാർ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെയും, രാജ്യത്തിന്റെ നേട്ടങ്ങളെയും നിസ്സാരവൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കഴിഞ്ഞ 75 വർഷത്തിനിടയിൽ എല്ലാ മേഖലകളിലും കഴിവുറ്റ ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്റെ കരുത്തിൽ ഇന്ത്യ നേട്ടം കൈവരിച്ചതെന്നും സോണിയ പറഞ്ഞു.
ചരിത്രപരമായ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതിനെയും മഹാനായ നേതാക്കളെ, രാഷ്ട്രീയ നേട്ടങ്ങൾക്കായി കള്ളക്കഥകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെയും കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും സോണിയ വ്യക്തമാക്കി.
സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള കർണാടക സർക്കാരിന്റെ പത്രപരസ്യത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയ ബിജെപി നടപടി ദയനീയം എന്ന് സോണിയ വിശേഷിപ്പിച്ചു. സോണിയ വിമർശനം ഉന്നയിച്ചു. 1947-ലെ ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങളെ വിവരിക്കുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് സോണിയയുടെ പ്രതികരണം.
















