പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകനായ ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം തന്നെയെന്ന ആരോപണവുമായി ദൃക്‌സാക്ഷി രംഗത്ത്. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്തുണ്ടായിരുന്നെന്നും ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ആരോപിക്കുന്നു. സിപിഐഎം പ്രവര്‍ത്തരായ ശബരിയും അനീഷുമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷിയായ സുരേഷ് പറയുന്നു. എന്നാല്‍ സുരേഷിന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനോ അധികൃതര്‍ക്കോ ലഭിച്ചിട്ടില്ല.
ഷാജഹാനെ വീടിന് വെളിയിലിട്ടാണ് ശബരിയും അനീഷും വെട്ടിയത്. ബൈക്കിലെത്തിയ അക്രമികള്‍ ഷാജഹാന്‍ വീടിന് പുറത്തേക്ക് വരാന്‍ കാത്തിരിക്കുകയായിരുന്നു. രാത്രി 9.15ഓടെയാണ് സംഭവം. സുരേഷിന്റെ പേര് സംഭവത്തിന്റെ ദൃക്‌സാക്ഷിയായി എഫ്‌ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് എന്നാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആരോപിക്കുന്നത്. ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈകാരികതയ്ക്ക് അടിമപ്പെടാതെ വേണം പാർട്ടി പ്രവർത്തകർ മുന്നോട്ട് പോകാൻ. അക്രമത്തെ അപലപിക്കാൻ പോലും യുഡിഎഫ് തയ്യാറായിട്ടില്ല. തുടർ ഭരണം ആർഎസ്എസിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്നും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും റിയാസ് ആരോപിക്കുന്നത്.
















