കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപെട്ടു. മൂന്നു ദിവസം മുൻപ് വിനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതിയെ കുതിരവട്ടത്ത് എത്തിച്ചത്.
ഇന്നലെ രാത്രി ഇയാൾക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയിരുന്നു. ഇത് അഴിച്ചു മാറ്റാൻ അഗ്‌നി രക്ഷാ സേന സെല്ലിൽ എത്തി. സെൽ തുറന്ന സമയത്ത് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ റിമാൻഡിലിരിക്കെ ഈ പ്രതി ആത്മഹത്യാശ്രമം നടത്തിയിരുന്നു. പോലീസിന്റെ പിടിയിലായ അന്ന് മുതൽ ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. പ്രണയ നൈരാശ്യത്തെതുടർന്നാണ് ദൃശ്യയെ വിനീഷ് കൊലപ്പെടുത്തുന്നത്. ദൃശ്യയെ കൊലപ്പെടുത്തുന്നതിന് മുൻപ് ദൃശ്യയുടെ പിതാവിന്റെ കട ഇയാൾ കത്തിച്ചിരുന്നു.
















