കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം. 41 പേർ മരിച്ചതായി റിപ്പോർട്ട്. 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇംബാബയിലെ അബു സിഫീൻ പള്ളിയിലാണ് തീപിടിത്തമുണ്ടായത്.
ഞായറാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പ്രാർഥന നടക്കുമ്പോഴാണ് തീപടർന്നത്. അപകടസമയത്ത് 5,000ത്തോളം പേർ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. 15ഓളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസിസി അനുശോചിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്റ്റുകൾ. ഈജിപ്തിൽ ആകെ ജനസംഖ്യയുടെ 10 ശതമാനം ക്രിസ്ത്യൻ മതവിഭാഗങ്ങളാണ്.
















