കോഴിക്കോട്: വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി കീഴടങ്ങി. താമരശേരി സ്വദേശി ഫഹദാണ് ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. എട്ട്മാസം പ്രായമുള്ള മകനെ കാണാനുള്ള ആഗ്രഹത്താലാണ് ജയിൽ ചാടിയതെന്ന് പൊലീസിനു മൊഴി നൽകി.
രണ്ട് ദിവസം മുൻപായിരുന്നു. വടകര സബ്ജയിലിൽ നിന്ന് ഫഹദ് ബാത്റൂമിലെ വെന്റിലേറ്റർ വഴി രക്ഷപ്പെടുകയായിരുന്നു. അന്ന് മുതൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സമീപ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീടിനു പരിസരത്തും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഫഹദ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ജൂൺ ഏഴിന് അഴിയൂർ ചെക്പോസ്റ്റിൽ നിന്ന് ആറു കിലോ കഞ്ചാവുമായാണ് ഫഹദ് പിടിയിലായത്. ഇയാൾ അന്നു മുതൽ റിമാന്റിൽ കഴിയുകയായിരുന്നു.
















