മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകാലശാലയിലെ വിവാദ നിയമനത്തിലെ നിര്‍ണ്ണായക രേഖ പുറത്ത്.കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മാനദണ്ഡങ്ങള്‍ മറികടന്ന് ഒന്നാം റാങ്ക് പ്രിയ വര്‍ഗീസിന് നല്‍കിയിരിക്കുന്നത്. മറ്റുള്ളവരെക്കാൾ അധ്യാപന പരിചയവും റിസര്‍ച്ച് സ്‌കോറും കുറവായിരുന്നിട്ടും ഇന്റർവ്യൂവിനു പ്രിയ വർഗീസിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി എന്നാണ് വിവരാവകാശ രേഖ പറയുന്നത്. വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണ്ണര്‍ക്ക് പുതിയ പരാതി നല്‍കി.
ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള ഏറ്റവും കുറവ് സ്‌കോര്‍ പോയിന്റും അധ്യാപന പരിചയവും പ്രിയവര്‍ഗീസിനായിരുന്നു. എന്നാൽ ഉയര്‍ന്ന റിസര്‍ച്ച് സ്‌കോര്‍ പോയിന്റുള്ളവരെ അഭിമുഖത്തിനു കുറവ് മാര്‍ക്കിട്ടു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതില്‍ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അടക്കമുള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വര്‍ഗ്ഗീസിനാണ്.
യുജിസി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിനു സര്‍വകലാശാലയില്‍ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടരായിരുന്ന രണ്ട് വര്‍ഷത്തെ അനധ്യാപക കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കിലെടുത്തതായി വിവരാവകാശ രേഖയില്‍ പറയുന്നു. ഇതു ചട്ടവിരുദ്ധമാണെന്നാണ് സേവ് യൂണിവേഴ്‌സിറ്റി പറയുന്നത്.
















