ന്യൂയോര്‍ക്ക്: ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെ സ്‌റ്റേജിലായിരുന്നു ആക്രമണം.
വിഷയാവതരണം തുടങ്ങി അല്‍പ നേരത്തിനുശേഷം ഒരാള്‍ സ്റ്റേജിലേക്ക് പാഞ്ഞെത്തി സല്‍മാന്‍ റഷ്ദിയെ ആക്രമിക്കുകയായിരുന്നുവെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റുഷ്ദിക്ക് രണ്ടുതവണ കുത്തേറ്റെന്ന് ദൃക്സാക്ഷി പറഞ്ഞു. കുത്തേറ്റ സല്‍മാന്‍ റുഷ്ദി വേദയിലേക്ക് വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമിയെ അറസ്റ്റ് ചെയ്തു.
സല്‍മാന്‍ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1980 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.
ഖൊമൈനിയുടെ കല്‍പ്പനയില്‍ നിന്നും ഇറാന്‍ വളരെക്കാലമായി അകലം പാലിക്കുകയാണെങ്കിലും സല്‍മാന്‍ റഷ്ദി വിരുദ്ധ വികാരം ചില തീവ്രമതവാദികള്‍ക്കുള്ളില്‍ വളരെക്കാലം നിലനിന്നു. പിന്നീട് 2012-ല്‍ ഒരു മതസ്ഥാപനം റഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം 3.3 മില്യണ്‍ ഡോളറായി ഉയര്‍ത്തി. ഫത്വ കാലത്തെക്കുറിച്ച് റഷ്ദി എഴുതിയ ജോസഫ് ആന്റണ്‍ എന്ന ഓര്‍മക്കുറിപ്പും പിന്നീട് വളരെ ശ്രദ്ധ നേടിയിരുന്നു.
















