തിരുവനന്തപുരം: മന്ത്രി പി.രാജീവിന് അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. നെയ്യാറ്റിൻകരയിൽനിന്ന് എറണാകുളത്തേക്കു പോയ മന്ത്രിയുടെ വാഹനത്തിന്റെ റൂട്ടിൽ വ്യത്യാസമുണ്ടായെന്ന പേരിലാണ് നടപടി.
തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഗ്രേഡ് എസ്ഐ എസ്. എസ്.സാബുരാജൻ, സിപിഓ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പതിവ് റൂട്ട് മാറ്റിയതിൽ മന്ത്രി തിരുവനന്തപുരം കമ്മീഷണർ സ്പർജൻ കുമാറിനെ വിളിച്ച് അതൃപ്തി അറിയിച്ചു. തുടർന്നാണ് പോലീസുകാരെ കമ്മീഷണർ സസ്പെൻഡ് ചെയ്തത്. പോലീസുകാരുടെ പ്രവൃത്തി മന്ത്രിക്കു ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നും ഉത്തരവിൽ പറയുന്നു.
പള്ളിച്ചലിൽനിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജംക്‌ഷനിൽനിന്നും ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം.
എന്നാൽ, അകമ്പടിവാഹനം കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജംക്‌ഷനുകൾ വഴി ചാക്കയിലെത്തിയാണ് ദേശീയപാതയിൽ കടന്നത്. രണ്ടു റൂട്ടുകളും തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ, മന്ത്രിയുടെ ഓഫിസിൽനിന്ന് അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതെന്നാണ് സേനയിൽനിന്ന് ലഭിക്കുന്ന വിവരം. നടപടിക്കെതിരെ പൊലീസ് സേനയിൽ വ്യാപകമായ അമർഷമുണ്ട്. ഗതാഗത കുരുക്ക് ഉണ്ടായതുകൊണ്ടാണ് റൂട്ട് മാറ്റിയതെന്നു പോലീസുകാർ പറഞ്ഞു.
















