കാബൂൾ: കാബൂളിലെ മദ്റസയിൽ നടന്ന ചാവേർ ആക്രമണത്തിൽ താലിബാൻ ഉന്നത നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടു. ഹഖാനി കൊല്ലപ്പെട്ടതായി താലിബാൻ സർക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി ട്വീറ്റ് ചെയ്തു. ഹഖാനി പഠിക്കുന്ന മുറിയിലാണ് ആക്രമണം നടന്നത്.
“രാജ്യത്തെ മഹാനായ അക്കാദമിക് വ്യക്തിത്വമായ ഷെയ്ഖ് റഹീമുള്ള ഹഖാനി ശത്രുക്കളുടെ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചതിൽ അതിയായ ദുഃഖമുണ്ട്”- കരിമി പറഞ്ഞു.
കാൽ നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി മദ്റസയിലെത്തിയതാണ് പൊട്ടിത്തെറിച്ചതെന്ന് താലിബാൻ വൃത്തങ്ങൾ പറഞ്ഞു.
സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. 2020 ഒക്ടോബറിൽ പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിൽ നിന്ന് ഷെയ്ഖ് റഹീമുള്ള രക്ഷപ്പെട്ടിരുന്നു.
















