കൊല്ലം: കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രികര്‍ മര്‍ദ്ദിച്ചു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് ആണ് മര്‍ദ്ദനമേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് അരുണ്‍ പറഞ്ഞു. അരുണിനെ കാറിൽ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്.
രണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് ആക്രമണത്തിനിരയായ അരുണും പ്രതികരിച്ചു. എമര്‍ജന്‍സി ലൈനിലൂടെ കാര്‍ വരുന്നത് കണ്ടാണ് നിര്‍ത്തിയത്. തുടര്‍ന്ന് അവരോട് പ്രദേശവാസികള്‍ക്ക് നല്‍കുന്ന പാസുണ്ടോ എന്ന് ചോദിച്ചു. പാസില്ലെന്ന് കൂടി മറുപടി പറഞ്ഞതോടെ വാഹനം മറ്റുലൈനിലൂടെ കടന്നുപോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ അങ്ങനെ പോകാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് കാറിലെ ഡ്രൈവര്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ ഇവനെ നമുക്ക് കൊണ്ടുപോകാം എന്നും പറഞ്ഞു. തുടര്‍ന്നാണ് കാറില്‍ വലിച്ചിഴച്ചതെന്നും അരുണ്‍ പറഞ്ഞു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടോള്‍ബൂത്തിലെ സിസിടിവി ക്യാമറകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ കാറിന്റെ നമ്പറടക്കം വ്യക്തമാണ്. സംഭവത്തില്‍ അഞ്ചാലംമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.
















