വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്‌സോ കോടതി. കൊലപാതകമാണെന്നതിന് തെളിവില്ലന്നു കാട്ടി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി. കേസില്‍ സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ് .
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. മക്കളുടേത് കൊലപാതകം തന്നെയാണെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷ. പുതിയ സംഘം കേസന്വേഷിക്കണം. പൊലീസ് ചെയ്തത് തന്നെയാണ് സിബിഐയും ചെയ്തതെന്ന് അമ്മ ആരോപിച്ചു.
നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. പിന്നാലെ ബലാത്സംഗം, പോക്സോ, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. .
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മാര്‍ച്ച് നാലിന് ഒമ്പത് വയസുകാരിയായ സഹോദരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് സംഭവങ്ങളിലും ദുരൂഹത ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ ആത്മഹത്യ ചെയതാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. മരിച്ച സഹോദരിമാര്‍ രണ്ടുപേരും ലൈംഗികപീഡനത്തിന് ഇരായയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
















