തിരുവനന്തപുരം: ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കില്ല. ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും.
സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കി ഓർഡിനൻസ് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ഓർഡിനൻസുകളിൽ ഒപ്പിടാനാകില്ലെന്നും കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകളാണ് ഒപ്പിടാനായി ഗവർണർക്ക് മുന്നിലുള്ളത്. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു. വ്യക്തമായ വിശദീകരണം വേണമെന്നും ഓർഡിനൻസ് രാജ് അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
ഓർഡിനൻസിൽ കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. കൂടുതൽ സമയം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാവില്ല. ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം വേണം. ജനാധിപത്യമൂല്യം ഉയർത്തിപിടിക്കണം. ഓർഡിനൻസ് ഭരണം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















