കോഴിക്കോട്: മേയര്‍ ബീനാ ഫിലിപ്പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് അംഗീകരിക്കില്ലെന്ന് സിപിഎം. ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നടപടി പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. പാര്‍ട്ടി ഒരിക്കലും ഇത് അംഗീകരിക്കില്ലെന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മേയർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഘടകത്തെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. നേരത്തേ ബീനാ ഫിലിപ്പിനെ തള്ളി സി.പി.എം ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു.
എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമായ സമീപനമാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായത്. ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഎം തീരുമാനിച്ചെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ ശിശുപരിപാലനം മോശമാണെന്ന സിപിഎം മേയറുടെ പരാമര്‍ശം വിവാദമായിരുന്നു. ആര്‍എസ്എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സിപിഎം മേയറുടെ പരാമര്‍ശം.
‘പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം’. മേയര്‍ അഭിപ്രായപ്പെട്ടു.
ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ബീന ഫിലിപ്പ് രംഗത്തെത്തിയിരുന്നു. പരിപാടിയിൽ വർഗീയതയെ കുറിച്ചല്ല ശിശുപരിപാലനത്തെകുറിച്ചാണ് പ്രസംഗിച്ചത്. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. പരിപാടിയിൽ പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞില്ലെന്നും മേയർ പ്രതികരിച്ചു.
ഒരു കൂട്ടം അമ്മമാര്‍ വിളിച്ചിട്ടാണ് താന്‍ പോയതെന്നും മേയര്‍ പറഞ്ഞു. മാതൃസംഗമങ്ങളില് ഇതിനു മുമ്പും പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടാല്‍ ഇക്കാര്യം പറയുമെന്നും മേയര്‍ വ്യക്തമാക്കി. സംഭവത്തില്‍ പാര്‍ട്ടി തീരുമാനം എന്താണെന്ന് ഇതുവരെ അറിഞ്ഞില്ലെന്നും മേയര്‍ പറഞ്ഞു.
















