തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ ടിക്‌ടോക്-ഇൻസ്റ്റഗ്രാം താരം കിളിമാനൂർ വെള്ളല്ലൂർ കീഴ്‌പേരൂർ സ്വദേശി വിനീതിനെതിരെ വീണ്ടും പരാതി. വീട്ടമ്മയായ യുവതിയാണ് തമ്പാനൂർ പൊലീസിൽ ഏറ്റവുമൊടുവിൽ പരാതി നൽകിയിരിക്കുന്നത്. സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ്‌വേർഡും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പുതിയ പരാതി.
വിനീതിനെതിരെ നിരവധി സ്ത്രീകൾ ഫോണിലൂടെ പരാതി പറയുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ തയാറാകുന്നില്ലെന്നു പൊലീസ് പറയുന്നു.
കൊല്ലം സ്വദേശിയായ പെൺകുട്ടിയാണ് വിനീതിനെതിരെ ആദ്യമായി പൊലീസിൽ പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാനും വിഡിയോ ചെയ്യാനും സഹായിക്കാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിനു പിന്നാലെ തമ്പാനൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ടിക്‌ടോക് നിരോധിച്ചതോടെയാണ് വിനീത് ഇൻസ്റ്റഗ്രാമിലേക്ക് മാറിയത്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിനു ഫോളോവർമാരാണ് ഇയാൾക്കുണ്ടായിരുന്നത്. ഓരോ ആഴ്ചയും പുതിയ കാറുകളുമായാണ് വിനീത് കറങ്ങിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കല്ലമ്പലത്തുള്ള കല്യാണ മണ്ഡപത്തിലെ കോംപൗണ്ടിൽ പാർക്കു ചെയ്തിരുന്ന കാറിൽനിന്നും സ്വർണം മോഷ്ടിച്ചതിനു അഞ്ചുവർഷം മുൻപ് വിനീതിനെതിരെ കേസെടുത്തിരുന്നു. ബൈക്ക് മോഷണത്തിനു കന്റോൺമെന്റ് സ്റ്റേഷനിലും കേസുണ്ട്. മൂന്നുമാസം മുൻപ് കിളിമാനൂരിലെ ബവ്റിജസ് ഷോപ്പിൽനിന്ന് മദ്യക്കുപ്പി മോഷ്ടിച്ചത് സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നെങ്കിലും കേസുണ്ടായില്ല.
അഞ്ചുലക്ഷത്തോളം ഫോളോവേഴ്സാണ് വിനീതിനുണ്ടായിരുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് ആഡംബരത്തിനു ചെലവഴിക്കുന്നതെന്നാണ് ഇയാൾ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നത്. ഒരു ജോലിയും ചെയ്യാത്ത വിനീത്, പൊലീസിലാണെന്നും സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്നതായും സ്ത്രീകളോട് പറഞ്ഞിരുന്നു.
വിനീതിന്റെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി സ്ത്രീകളുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. സ്ത്രീകളോട് ചാറ്റു ചെയ്യുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും സ്വകാര്യ ദൃശ്യങ്ങളും ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നു. വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു കൂടുതലായും ബന്ധം പുലർത്തിയിരുന്നത്.
















