തിരുവനന്തപുരം: അന്തരിച്ച കമ്യൂണിസ്റ്റ് നേതാവും മാധ്യമപ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന ബെർലിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
കിഴക്കൻ ജർമ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് വൈകിട്ട് ആറ് മണിയോടെ കണ്ണൂർ നാറാത്തെ വസതിയിലായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായരുടെ അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു.
















