സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം.അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന യോഗത്തിൽ സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ച. ഇന്നും നാളെയും സെക്രട്ടറിയേറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക.
സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനവും അടുത്ത നാലുവർഷം നടപ്പാക്കേണ്ട പദ്ധതികളുടെ മുൻഗണന ക്രമവുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളും ആസൂത്രണം ചെയ്യും.
കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും പി ജയരാജന്റെ കർക്കടക വാവ് ബലി പരാമർശവും, യോഗം ചർച്ച ചെയ്യും. ഇഡിയ്ക്ക് മുന്നിൽ തോമസ് ഐസക്ക് ഹാജരാകണമോ എന്ന ചോദ്യമാണ് സിപിഐഎമ്മിനു നേരിടേണ്ടി വരുന്നത് . രാഷ്ട്രീയമായി ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ ആയിരിക്കും യോഗങ്ങൾ അന്വേഷിക്കുക.ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗങ്ങളിൽ ചർച്ചയാകും.
















