സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. .
കേരളത്തിൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. കൂടാതെ മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതാണ് ശക്തമായ മഴയ്ക്ക് കാരണം.
















