വയനാട്: ബാണാസുര സാഗർ അണക്കെട്ട് നാളെ രാവിലെ 8 മണിക്ക് തുറക്കും. അണക്കെട്ടിന്‍റെ ഒരു ഷട്ടർ 10 സെന്‍റിമീറ്റര്‍ തുറക്കാനാണ് തീരുമാനം. സെക്കന്‍റില്‍ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കന്‍റില്‍ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്.
നിലവിൽ ഡാമിലെ ജലനിരപ്പ് 773.70 മീറ്ററാണ്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാത്രിയോടെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഡാം തുറക്കുന്നതിന് മുന്നോടിയായി സുരക്ഷ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു.
അതേസമയം മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു തുടങ്ങി. ജലനിരപ്പ് 138.35 അടിയായി ഉയർന്നതിനെത്തുടര്‍ന്നാണ് വെള്ളത്തിന്‍റെ അളവ് കൂട്ടിയത്. സെക്കന്‍റില്‍ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറ് ഷട്ടറുകൾ 50 സെന്‍റിമീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്.
















