പത്തനംതിട്ട: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കക്കി- ആനത്തോട് റിസര്‍വോയര്‍ ഷട്ടര്‍ നാളെ തുറക്കും. രാവിലെ 11 മണിക്കാണ് ഷട്ടര്‍ തുറക്കുക. 35 മുതല്‍ 50 ക്യുമെക്‌സ് ജലം പുറത്തേക്ക് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ പമ്പയില്‍ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരും. പമ്പാതീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡാം തുറക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.
















