തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ട പശ്ചാത്തലത്തില്‍ ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ മഴ കനക്കും. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ മഴ കനക്കും. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദപാത്തിയും മധ്യ കിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.
















