കേരളത്തിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത നിർദേശങ്ങളാണ് നിലവിൽ ഉള്ളത്.ഇതുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ ഒന്നും പ്രചരിപ്പിക്കരുതെന്ന് അധികൃതരുടെ അറിയിപ്പുണ്ട്. എന്നാൽ നിരവധി വ്യാജ സന്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് മഴവെള്ളം ഇരച്ചുകയറുന്നു എന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്.
‘മുഖ്യമന്ത്രിയുടെ കാര്യക്ഷമമായ റൂം ഫോര്‍ റിവര്‍ പദ്ധതിക്ക് ശേഷം കേരള സര്‍ക്കാരിന്റെ pwd വകുപ്പ് പൊതുജനങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന നൂതന ആശയം…
ഓണ്‍ റോഡ് കേ-സര്‍വ്വീസിങ്.
മണ്‍സൂണ്‍ കാലത്ത് വാഹനങ്ങള്‍ റോഡില്‍ തന്നെ ഫ്രീ വാട്ടര്‍ സര്‍വ്വീസ് നടത്തിക്കൊടുക്കുക എന്നതാണ് പദ്ധതിലക്ഷ്യം… ????
#LeftAlternative
#ഇടത്പക്ഷം_ഹൃദയപക്ഷം’ എന്നുള്ള കുറിപ്പിനൊപ്പമാണ് വീഡിയോ പ്രചരിക്കുന്നത്.
എന്നാൽ ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ അന്വേഷിച്ചപ്പോൾ ഈ അടുത്തൊന്നും കേരളത്തില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രചാരത്തിലുള്ള വീഡിയോയില്‍ കാണുന്നത് ലോ ഫ്ളോര്‍ ബസാണ്. അന്വേഷണത്തിൽ ഈ വീഡിയോ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രചാരത്തിലുള്ളതാണ്.
മുംബൈയില്‍ നിന്നുള്ളതാണെന്ന കുറിപ്പോടെ നിരവധി യുട്യൂബ് പേജുകളില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. നിരവധി സോഷ്യല്‍ മീഡിയ പേജുകളിലും മുംബൈയില്‍ നിന്നുള്ള വീഡിയോ ആണെന്ന രീതിയില്‍ ഇത് പങ്കുവച്ചിട്ടുണ്ട്. മുംബൈയില്‍ സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും വാഹനത്തിനുള്ളില്‍ വെള്ളം കയറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ , നിലവിൽ കേരളത്തിലെ ബസിൽ സംഭവിച്ചതാണ് ഇതെന്ന പ്രചാരണ വീഡിയോ തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട മറ്റ് വാർത്തകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേരളത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായെങ്കിലും ഈ വീഡിയോയ്ക്ക് കേരളവുമായി ബന്ധമില്ല.