തിരുവനന്തപുരം: അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ചെറുകിട വ്യാപാരികൾ അഞ്ചു ശതമാനം ചരക്കു സേവന നികുതി കൂടി ചേർത്ത അധിക തുക വാങ്ങരുതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 1.5 കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾ കോംപോസിഷൻ നിരക്കിൽ ഒരു ശതമാനം നികുതിയാണു നൽകുന്നത്.
ഇവരെ ജിഎസ്ടി വർധന ബാധിക്കില്ല. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടതില്ലാത്തതിനാൽ ഇവർക്ക് അഞ്ച് ശതമാനം നികുതി ബാധകമാകില്ല. ഇത്തരം വ്യാപാരികൾ ജിഎസ്ടിയും ചേർത്ത തുക ഈടാക്കിയാൽ ജനങ്ങൾക്കു പരാതി നൽകാം. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം 25 കിലോ വരെയുള്ള ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പാക്കറ്റിന് ജിഎസ്ടി ഈടാക്കും. അല്ലാതെ മുഴുവൻ ഭക്ഷ്യ വസ്തുക്കൾക്കും 5 ശതമാനം ജിഎസ്ടി ഒഴിവാക്കില്ല -ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ബ്രാൻഡഡ് അല്ലാതെ പാക്ക് ചെയ്തു വിൽക്കുന്നവയ്ക്ക് ജിഎസ്ടി ഈടാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അളവു തൂക്ക നിയന്ത്രണ നിയമം ബാധകമാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാലും ചെറുകിട കച്ചവടക്കാർ പ്രാദേശികമായി പാക്കറ്റുകളിലാക്കി വിൽക്കുന്നതിനെ ആ പേര് പറഞ്ഞ് വകുപ്പ് ബുദ്ധിമുട്ടിക്കില്ല. കേന്ദ്ര വിജ്ഞാപനത്തിൽ ആശയകുഴപ്പം തുടരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര വിജ്ഞാപനത്തിന് ചുവട് പിടിച്ച് സംസ്ഥാനം പുറത്തിറക്കിയ വിജ്ഞാപനത്തിൽ മാറ്റം വരുത്താൻ കഴിയുമോയെന്ന കാര്യത്തിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.