ന്യൂഡൽഹി: സുരക്ഷാ വീഴ്ച മുൻനിർത്തി സ്വകാര്യ വിമാന കമ്പനിയായി സ്പൈസ് ജെറ്റിന്റെ പകുതി സർവീസ് വെട്ടിക്കുറച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നടപടിയെടുത്തത്. രണ്ട് മാസത്തേക്കാണ് ശിക്ഷാനടപടി. എന്നാൽ സീസൺ അല്ലാത്തതിനാൽ നടപടി ബാധിക്കില്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
വിവിധ പരിശോധനകളുടേയും സ്പൈസ് ജെറ്റിന്റെ മറുപടിയുടേയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിജിസിഎ ഉത്തരവിൽ പറയുന്നു. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. അടുത്ത എട്ടാഴ്ച സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികളെന്നും ഡിജിസിഎ വ്യക്തമാക്കി.
18 ദിവസങ്ങൾക്കുള്ളിൽ 8 സ്പൈസ് ജെറ്റ് സർവീസുകൾ ആണ് സാങ്കേതിക തകരാറിനെ തുടർന്ന് മുടങ്ങിയത്. ജൂലൈ 9ന് ഡി.ജി.സി.എ സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കുഴപ്പം കണ്ടു പിടിക്കാനായി 48 സ്പൈസ് ജെറ്റ് വിമാനങ്ങളിൽ 53 ഇടത്താണ് ഡി.ജി.സി.എ സ്പോട്ട് ചെക്കിങ് നടത്തിയത്.
വിശ്വാസ്യതയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പൈസ് ജെറ്റിന്റെ 50 ശതമാനം സർവീസുകൾ എട്ടാഴ്ചത്തേക്ക് വെട്ടിച്ചുരുക്കുന്നതെന്ന് ഡി.ജി.സി.എ അറിയിച്ചു. ഒരു എയർലൈനെതിരെ അടുത്ത കാലത്ത് എടുക്കുന്ന ഏറ്റവും കര്‍ശനമായ നടപടിയാണിത്.
അതേസമയം ഡിജിസിഎ ഉത്തരവ് പാലിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. യാത്രക്കാര്‍ കുറവുള്ള സീസണായതിനാല്‍ മറ്റു വിമാന കമ്പനികളെ പോലെ സ്പൈസ് ജെറ്റും വരുന്ന സര്‍വീസുകള്‍ പുന:ക്രമീകരിച്ചിരുന്നു. അതിനാല്‍ ഡിജിസിഎ ഉത്തരവ് കമ്പനിയുടെ സര്‍വീസുകളെ ബാധിക്കില്ലെന്നും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരില്ലെന്നും സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.