ഡ്യുവൽ റിയർ ക്യാമറയും 6.51 ഇഞ്ച് ഐ പി എസ് ഡിസ്‌പ്ളേയുമായി വിവോയുടെ വൈ 30 5ജി ഹാൻഡ് സെറ്റ് വിപണിയിൽ എത്തി. തായ്‌ലാൻഡ് വിപണിയിലാണ് നിലവിൽ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 700 എസ് ഒ എസ് ചിപ്പ് വഴി പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിന് ആറ് ജി ബി റാമും 128 ജി ബി ഇന്റേണൽ സ്റ്റോറേജ് സ്പേസും ലഭിക്കുന്നു. 5000 എം എ എച്ച് ശേഷിയുള്ള ബാറ്ററി പാക്ക് ഇതിന്റെ മറ്റൊരു ആകർഷണീയതയാണ്. സി – ടൈപ്പ് യു എസ് ബി ചാർജർ, ഡ്യുവൽ സിം, ഫെയ്സ് വേക്ക്, ഫിംഗർ പ്രിന്റ് സ്കാനർ എന്നിവയും വിവോ വൈ 30യുടെ സവിശേഷതകളാണ്.രണ്ട് കളർ ഓപ്ഷനുകളിൽ വരുന്ന വിവോ വൈ 30ക്ക് തായ്ലാൻഡിൽ 8699 തായ് ബത്ത് ആണ് വില വരുന്നത്. ഇത് ഏകദേശം 18900 രൂപ വരും. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ ഈ വിലയ്ക്ക് ചില്ലറ മാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
തായ്ലാൻഡിലെ ഒരു വ്യാപാര സ്ഥാപനം തങ്ങളുടെ ഫേസ്ബുക്കിൽ ഇട്ട പരസ്യം അനുസരിച്ച് സ്റ്റാർ ലൈറ്റ് ബ്ളാക്ക്, റെയിൻബോ ഫാന്റസി എന്നീ രണ്ട് കളർ ഓപ്ഷനുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. എച്ച് ഡി പ്ളസ് റെസല്യൂഷനോടുകൂടിയ 6.51 ഇഞ്ച് ഐ പി എസ് ഡിസ്‌പ്ളേയാണ് വൈ 30യുടെ ഏറ്റവും വലിയ പ്രത്യേകത. 20:9 ആസ്പക്ട് റേഷ്യോയും 88.99 ശതമാനം സ്ക്രീൻ റേഷ്യോയും 72ശതമാനം എൻ ടി എസ് സി കളർ സ്പേസും മികച്ച ഡിസ്‌പ്ളേ ഉറപ്പ് നൽകുന്ന ഘടകങ്ങളാണ്. ഡ്യുവൽ സിം ഓപ്ഷൻ ഉണ്ടെങ്കിലും രണ്ടാമത്തെ സിമ്മിനും എക്സ്റ്റേണൽ കാർഡിനും കൂടി ഒരു സ്ലോട്ട് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത് ഈ ഫോണിന്റെ ഒരു ന്യൂനതയാണെങ്കിലും മിക്ക ഹാൻഡ‌്സെറ്റിലും ഇപ്പോൾ ഇത്തരത്തിൽ തന്നെയാണ് ഡ്യുവൽ സിം ഓപ്ഷൻ വരുന്നത്. ആറ് ജി ബി റാം ആണ് വൈ 30യിൽ ലഭ്യമായിട്ടുള്ളത്. ഇത് വേണമെങ്കിൽ എട്ട് ജിബിയായി ഉയർത്താൻ സാധിക്കും. എന്നാൽ 128 ജിബി സ്റ്റോറേജ് സ്പേസിൽ നിന്നും നിശ്ചിത ജി ബി കടം എടുത്താൽ മാത്രമേ ഇത് പ്രാവർത്തികമാകൂ.
50 മെഗാപിക്സൽ പ്രൈമറി ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറയാണ് വൈ 30യുടെ മറ്റൊരു സവിശേഷത. ഇതിനു പുറമേ എൽ ഇ ഡി ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ ബൊക്കെ ലെൻസും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന സൂപ്പർ നൈറ്റ് മോഡും വൈ 30യിൽ ലഭ്യമാണ്. ഡ്യുവൽ വ്യൂ വീഡിയോ ഉപയോഗിച്ച് ഫ്രണ്ട്, റിയർ ക്യാമറകളിൽ നിന്ന് വീഡിയോകൾ റെക്കോർഡുചെയ്യാനും സാധിക്കും. പിക്ചർ-ഇൻ-പിക്ചർ മോഡ്, ഐ ഓട്ടോഫോക്കസ്, മൾട്ടി-സ്റ്റൈൽ പോർട്രെയ്‌റ്റ്, ഫേസ് ബ്യൂട്ടി, പനോരമ മോഡ്, ലൈവ് ഫോട്ടോ, സ്ലോ മോഷൻ, ടൈം-ലാപ്‌സ് എന്നിവ മറ്റ് ക്യാമറ സവിശേഷതകളാണ്.