ഐസ്വാൾ: അഴിമതിക്കേസില്‍ മിസോറമിലെ ഏക ബി.ജെ.പി എം.എൽ.എയ്ക്ക് തടവുശിക്ഷ. ഐസ്വാളിലെ പ്രാദേശിക കോടതിയാണ് എം.എൽ.എ ബുദ്ധ ധൻ ചക്മ അടക്കം 13 പേർക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചത്.
10 വർഷം പഴക്കമുള്ള അഴിമതിക്കേസിലാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ചക്മ ജില്ലാ കൗൺസിലിന് സംസ്ഥാന സർക്കാർ അനുവദിച്ച 137.10 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. വിവിധ വികസന പ്രവൃത്തികൾക്കു വേണ്ടി അനുവദിച്ച ഫണ്ടായിരുന്നു സാലറി അഡ്വാൻസായി ഇവർ സ്വന്തമാക്കിയത്. ഗവർണറുടെ അനുമതി കൂടാതെയായിരുന്നു നടപടി.
49കാരനായ ബുദ്ധ ധൻ ചക്മയ്ക്കു പുറമെ ജില്ലാ കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് അംഗം ബുദ്ധ ലീല ചക്മയും കേസിൽ പ്രതിയാണ്. രണ്ട് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, മൂന്ന് മുൻ അംഗങ്ങൾ എന്നിവരടക്കമാണ് 13 പേരെ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് 10,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
ഒൻപതു വർഷം മുൻപ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും നിലവിൽ അധ്യക്ഷനുമായ വനലാൽമുവാക്കയാണ് ഇവർക്കെതിരെ പരാതി നൽകിയത്. 2013ലാണ് ബി.ജെ.പി നേതാവ് അഴിമതി ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്തെഴുതിയത്. പരാതിയെ തുടർന്ന് ഗവർണർ ഏകാംഗ കമ്മീഷനെ നിയമിച്ചു. 2018ൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിസോറം ജില്ലാ കൗൺസിലും ന്യൂനപക്ഷ വകുപ്പും സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗത്തിൽ പരാതി കേസ് നൽകുകയായിരുന്നു.