ആംബുലന്‍സില്‍ കറുപ്പ് കടത്തിയ സംഭവത്തില്‍ പഞ്ചാബില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മൊഹാലി ജില്ലയിലാണ് സംഭവം. വ്യാജ രോഗിയുമായി വന്ന ആംബുലന്‍സിലാണ് പൊലീസ് പരിശോധന നടത്തിയത്. രോഗിയായി കിടന്ന ആളുടെ തലയണയ്ക്കടിയിലാണ് എട്ട് കിലോ കറുപ്പ് ഒളിപ്പിച്ചത്. ചണ്ഡിഗഡ് അമല ഹൈവേയിലെ ദപ്പര്‍ ടോള്‍ പ്ലാസയിലാണ് ആംബുലന്‍സ് പൊലീസ് തടഞ്ഞത്. വാഹനത്തിനുള്ളില്‍ രോഗിയാണെന്ന് പറഞ്ഞെങ്കിലും ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടറോ പ്രഥമ ശുശ്രൂഷാ കിറ്റോ ഇല്ലാതിരുന്നത് സംശയമുണ്ടാക്കി. ഇതോടെ പൊലീസ് പരിശോധന നടത്തുകയായിരുന്നു. യുപി സ്വദേശി രവി ശ്രീവാസ്തവ, മൊഹാലി സ്വദേശി ഹരീന്ദര്‍ ശര്‍മ, ചണ്ഡീഗഢ് സ്വദേശി അങ്കുഷ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശില്‍ നിന്ന് 100 കിലോയിലധികം കറുപ്പ് ഇത്തരത്തില്‍ കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി.