വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം ലാപ്‌ടോപ്പുകള്‍ സൗജന്യമായി വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്നുവെന്ന തരത്തിൽ ഒരു ലിങ്ക് അടങ്ങിയ സന്ദേശം അടുത്തിടെ വൈറലായിരുന്നു. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും സര്‍ക്കാര്‍ അത്തരമൊരു പദ്ധതി വാഗ്ദാനം ചെയ്യുന്നില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്കിംങ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പിഐബിയുടെ ഫാക്ട് ചെക്കിംങ് ഡിപ്പാര്‍ട്ട്മെന്റ് വൈറലായ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അവരുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചുകൊണ്ടാണ് സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കിയത്. @EduMinOfIndia എന്ന് വെബ്സൈറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി 5 ലക്ഷ സൗജന്യ ലാപ്‌ടോപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നാണ് വാർത്ത. എന്നാല്‍ ഈ ലിങ്ക് വ്യാജമാണ്. സര്‍ക്കാര്‍ അത്തരത്തിലുള്ള ഒരു പദ്ധതിയും നടത്തുന്നില്ലെന്ന് പിഐബി ട്വീറ്റിലൂടെ അറിയിച്ചു.
‘നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സന്ദേശം ലഭിക്കന്നവരോട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സന്ദേശം വ്യാജമാണെന്നതിന് പുറമെ, ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു കെണി കൂടിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഇത്തരം സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പിഐബിയുടെ ഫാക്റ്റ് ചെക്ക് വകുപ്പ് ഇത്തരത്തില്‍ വൈറലായ മറ്റൊരു വ്യാജ സന്ദേശം കണ്ടെത്തിയിരുന്നു. വെര്‍ച്വല്‍ ലേണിംഗിന് സഹായിക്കുന്നതിനായി വീടുകളിൽ ലാപ്ടോപ്പുകള്‍ നല്‍കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഒരു പദ്ധതിയുണ്ട് എന്നായിരുന്നു ഈ സന്ദേശം. ഇത്തരം സന്ദേശങ്ങള്‍ പങ്കിടുന്നതിനെതിരെയും പ്രചരിപ്പിക്കുന്നതിനെതിരെയും പിഐബി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, വ്യാജവാര്‍ത്ത പ്രചരിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രചാരം നേടിയ ഒരു പദമാണ് ‘വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റി’. വാട്ട്സ്ആപ്പ് വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെ പ്രശ്നം ഉയര്‍ത്തിക്കാട്ടുന്ന പദമാണിത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നതും കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ദുബായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ സമ്മാനമായി നല്‍കുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂളുകളിലേക്കും സര്‍വകലാശാലകളിലേക്കും മെട്രോ, ട്രാം സേവനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ സമ്മാനമായി നല്‍കാന്‍ റോഡ് ഗതാഗത അതോറിറ്റിയാണ് തീരുമാനിച്ചത്. ഇതിനായി പ്രത്യേക പദ്ധതിയും ആരംഭിച്ചിരുന്നു.
ദുബായിലുടനീളമുള്ള ദൈനംദിന യാത്രയില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പോലുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ മെട്രോ, ട്രാം, ബസുകള്‍, സമുദ്ര ഗതാഗത മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമാണിതെന്ന് ആര്‍ടിഎ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ റൗദ അല്‍ മെഹ്റിസി പറഞ്ഞു. അടുത്തിടെ വ്യാജ സന്ദേശങ്ങളിലൂടെ എസ്ബിഐ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ടന്ന് പിഐബി പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. തങ്ങളുടെ എസ്ബിഐ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശം ശ്രദ്ധിക്കണമെന്നും എസ്ബിഐ ഉപയോക്താക്കളോട് പിഐബി അറിയിച്ചു.