സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ പദ്ധതിയിട്ട് സർക്കാർ. ഇതിനായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്പ്രധാനമന്ത്രി ആഹ്വാനം ചെയ്ത എല്ലാ വീടുകളിലും പതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി കുടുംബശ്രീയും തദ്ദേശവകുപ്പും ചേർന്ന് ദേശീയപതാകകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങളിലാണ്.
കുടുംബശ്രീക്കു പുറമെ സ്‌കൂൾ എൻഎസ്എസ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെയെല്ലാം സഹകരണം സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവർത്തിക്കുന്ന ക്ലബ്ബുകളും മറ്റു സാമൂഹ്യ സംഘടനകളും ഇക്കാര്യത്തിൽ സർക്കാരുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ദേശീയപതാകകളുടെ വിൽപ്പന വിലയും സംസ്ഥാന സർക്കാർ നിശ്ചയിച്ചു . ആകെ നാലു തരത്തിലുള്ള പതാകകളാണ് നിർമ്മിക്കുന്നത്. ഇവയ്ക്കോരോന്നിനും നൽകേണ്ട വിലയും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. 20, 25, 30, 40 എന്നിങ്ങനെയാണ് പതാകകളുടെ വലിപ്പമനുസരിച്ച് വില ഈടാക്കുന്നത്.