കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നിട്ട് രണ്ട് മാസങ്ങള്‍ പിന്നിട്ടു. സ്‌കൂളുകളുടെ പ്രവര്‍ത്തനം വളരെ സുഗമമായി നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മൂലം മാറ്റി വച്ച കലാ-കായിക മത്സരങ്ങളെല്ലാം ഈ വര്‍ഷം മുതല്‍ പുനസംഘടിപ്പിക്കുമെന്നാണ് വിവരം. അതിനിടെ സംസ്ഥാന സര്‍ക്കാര്‍ ക്രിസ്ത്യന്‍ വിഭാഗത്തോട് വേര്‍തിരിവ് കാണിക്കുന്നു എന്ന രീതിയില്‍ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘സംസ്ഥാന യുവജനോത്സവത്തില്‍ നിന്ന് മാര്‍ഗം കളി ഒഴിവാക്കി ദുക്‌റാന തിരുനാള്‍ ഞായറാഴ്ച ആയിട്ടും ആ ഞായറാഴ്ച തിരഞ്ഞു പിടിച്ച് ഫയല്‍ തീര്‍പ്പാക്കല്‍ എന്ന പേരില്‍ പ്രവൃര്‍ത്തി ദിനം ആക്കി’ എന്നു തുടങ്ങുന്ന പോസ്റ്റാണ് വൈറലാകുന്നത്.
എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പോസ്റ്റില്‍ പറയുന്ന വിവരങ്ങളെല്ലാം തെറ്റാണ്. പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്ന ആദ്യ ആരോപണം ‘ സംസ്ഥാന യുവജനോത്സവത്തില്‍ നിന്ന് മാര്‍ഗം കളി ഒഴിവാക്കി’ എന്നതാണ്. അവസാനമായി സ്‌കൂള്‍ യുവജനോത്സവം നടന്നത് 2019ലാണ്. ഈ മേളയുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മാര്‍ഗംകളി മത്സരം ഉണ്ടായിരുന്നതായാണ് മനസിലാക്കാനായത്. എച്ച് എസ് വിഭാഗം മാര്‍ഗം കളിയുടെ റിസള്‍ട്ട് ലഭ്യമായി. 668 എന്ന ഐറ്റം കോഡിലാണ് എച്ച് എസ് ഗേള്‍സിന്റെ മാര്‍ഗംകളി റിസള്‍ട്ട് ലഭ്യമായത്. അതായത്, അവസാനം നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ഗം കളി ഉണ്ടായിരുന്നു. എന്നാല്‍ ഇനി വരുന്ന കലോത്സവത്തില്‍ നിന്ന് മാര്‍ഗംകളി ഒഴിവാക്കിയോ എന്ന് അന്വേഷിച്ചു. ഇത്തവണത്തെ കലോത്സവം സംബന്ധിച്ച മാന്വല്‍ ഇതുവരെ തയാറായിട്ടില്ലെന്നും കലോത്സവ നടത്തിപ്പിന്റെ പ്രാഥമിക ഘട്ടം പോലും ആയിട്ടില്ലെന്നുമുള്ള വിവരമാണ് ലഭ്യമായത്. ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല.
പോസ്റ്റിലെ മറ്റൊരു ആരോപണം ദുക്‌റാന തിരുനാള്‍ ദിവസം ഞായറാഴ്ച ആയിരുന്നിട്ടും നിര്‍ബന്ധിത പ്രവൃത്തിദിനമാക്കി എന്നാണ്. ദുക്‌റാന തിരുനാള്‍ എന്നത് സെന്റ് തോമസിന്റെ ഓര്‍മത്തിരുനാള്‍ ദിവസമാണ്. ജൂലൈ മൂന്നിനാണ് ഒരു വിഭാഗം ക്രൈസ്തവര്‍ ഇത് ആഘോഷിക്കുന്നത്. എന്നാല്‍ ഇത് കേരളത്തില്‍ പൊതു അവധി ദിനമല്ല. അതുകൊണ്ട് തന്നെ ദുക്‌റാന തിരുനാള്‍ ദിവസം ഞായറാഴ്ച ആയതിനാല്‍ തിരഞ്ഞുപിടിച്ച് പ്രവൃത്തി ദിനം ആക്കിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് മുൻപ് നല്‍കിയിരുന്നു. എന്തുകൊണ്ടാണ് ഞായറാഴ്ച ജോലിയെടുക്കണമമെന്ന് സര്‍ക്കുലര്‍ നല്‍കിയതെന്നുള്ള വിശദവിവരം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ചാവറ അച്ചനെ സംബന്ധിക്കുന്ന പാഠഭാഗം കേരള സിലബസ് പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ മറ്റൊരു വാദം. എന്നാല്‍ ഇതും തെറ്റായ വിവരമാണെന്ന് അന്വേഷണത്തില്‍ മനസിലാക്കാനായി. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പോസ്റ്റ് വൈറലായതോടെ ക്രിസ്തീയ വിശ്വാസികള്‍ ആശങ്കപ്പെട്ട വാര്‍ത്ത ദീപിക ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. അതേസമയം, ഇത് തെറ്റായ പ്രചാരണമാണെന്ന് നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചതായി കണ്ടെത്താനായി. ജൂലൈ 18ന് പി.ജെ ജോസഫ് അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കവെയാണ് വി.ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പ്രചരിക്കുന്ന ആരോപണം തെറ്റാണെന്ന് വ്യക്തമായി.